ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ഏഴ് വിമാനങ്ങൾ നാളെ ഡൽഹിയിൽ ഇറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആകെ ഒമ്പത് വിമാനങ്ങൾ ഇതിനകം ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു.
ഇൻഡിഗോ എയർലൈൻസിന്റെ ആദ്യ വിമാനം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെടുമെന്നും നാളെ രാവിലെ 7:20 ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമെന്നും വൃത്തങ്ങൾ പറഞ്ഞു.
ഇൻഡിഗോ വിമാനത്തിന് 216 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ഉക്രൈനിലെ വിവിധ ഇടങ്ങളിൽ നിന്ന് പകൽ വിമാനങ്ങൾ പുറപ്പെടുകയും നാളെ വൈകുന്നേരത്തോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്യും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ 20 ഓളം വിമാനങ്ങളാണ് കേന്ദ്രസർക്കാർ വിന്യസിച്ചിരിക്കുന്നത്. ഉക്രൈനിന്റെ അയൽ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും രക്ഷെപ്പടുത്താൻ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.