യുദ്ധം തീവ്രമായി തുടരുന്നതിനിടെ റഷ്യ- യുക്രൈന് രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബെലറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.
യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
ആദ്യ ഘട്ട ചർച്ച അഞ്ച് മണിക്കൂർ നീണ്ടു നിന്നിരുന്നു. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടെങ്കിലും വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ യോഗത്തിൽ ഉണ്ടായില്ല. സമാധാന ചർച്ചയിലെ തീരുമാനങ്ങൾ നയതന്ത്ര പ്രതിനിധികൾ പുടിനെയും സെലൻസ്കിയെയും ധരിപ്പിക്കും . ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക .അതേസമയം, സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.