യുഎഇയുടെ സ്വപ്ന പദ്ധതികളിലൊന്നായ എത്തിഹാദ് റെയില്‍വെ പദ്ധതിയുടെ ഭാഗമായി ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 256 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ പാതയില്‍ 29 പാലങ്ങള്‍, 60 റെയില്‍വേ ക്രോസിംഗുകള്‍, 137 ഡ്രെയിനേജ് ചാനലുകള്‍ എന്നിവ ഉള്‍പ്പെട്ടതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
13,300 തൊഴിലാളികള്‍ 47 ദശലക്ഷം മണിക്കൂര്‍ പണിയെടുത്താണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്രക്കാരെയും ചരക്കുകളും വഹിച്ച് പോവുന്ന എത്തിഹാദ് റെയില്‍വേയുടെ നിര്‍ണായകമായ ഒരു ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, പാസഞ്ചർ ട്രെയിനുകൾ 50 മിനിറ്റിനുള്ളിൽ രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്നതായി കാണാം.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ ചരിത്ര നിമിഷത്തിന്റെ വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം താൻ ഇതിന് സാക്ഷ്യം വഹിച്ചതായി ട്വീറ്റ് ചെയ്തു.