മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ-സാമൂഹ്യ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച രണ്ടുപേർക്കാണ് ഇക്കുറി അവാർഡുകൾ നൽകുന്നതെന്ന് അവാർഡ് ജൂറി ചെയർമാൻ ഇ ടി മുഹമ്മദ് ബഷീർ എം പി അറിയിച്ചു. ഇക്കുറി ഗൾഫ് മേഖലയിൽ നിന്നുള്ളവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
മീഡിയ വൺ ചാനലിന്റെ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് ഹെഡ് എം സി എ നാസറിനാണ് മാധ്യമ പുരസ്കരം. ക്രസന്റ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിൽ നിരവധി സംരംഭങ്ങളുടെ സാരഥിയുമായ ഡോ. സി പി അലി ബാവ ഹാജിക്കാണ് സാമൂഹ്യ പ്രവർത്തകനുള്ള പുരസകരം. മാർച്ച് 5 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ-ഖിസൈസിലെ വുഡ് ലെം പാർക്ക് സ്‌കൂളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ഡോ. അബ്ദുസ്സമദ് സമദാനി എം പി അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകരായ ദുബൈ കണ്ണൂർ ജില്ലാ കെഎംഎംസി ഭാരവാഹികൾ അറിയിച്ചു.
കോളമിസ്റ്റും രാഷ്ട്രീയ ഗവേഷകനുമായ ഡോ. രാംപുനിയാനി, മാധ്യമ പ്രവർത്തകയും കോളമിസ്റ്റുമായ സാഗരിക ഘോഷ്, പശ്ചിമ ബംഗാളിൽ നിന്നുള്ള പാർലമെന്റ് അംഗം മഹുവ മൊയ്ത്ര, പ്രശാന്ത് രഘുവംശം, പൊട്ടങ്കണ്ടി അബ്ദുല്ല തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
അര നൂറ്റാണ്ടിലേറെയായി പ്രവാസ മണ്ണിൽ വേരുകളുള്ള ഡോ. സി പി അലി ബാവ ഹാജി 2002-2006 വർഷങ്ങളിൽ കേരള സർക്കാരിന് കീഴിലുള്ള ഒഡേപക് ചെയർമാൻ ആയിരുന്നു. മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ, എഞ്ചിനീയറിംഗ് ആൻഡ് ആർക്കിടെക്ച്ചർ കോളേജ് ഉൾക്കൊള്ളുന്ന ഏറനാട് നോളേജ് സിറ്റി ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമാണ്. മികച്ച വിദ്യഭ്യാസ പ്രവർത്തകനുള്ള ഡോ. എ പി ജെ അബ്ദുൽ കലാം സ്മാരക അവാർഡ്, അർജുൻ സിംഗ് നാഷണൽ അവാർഡ്, ഇന്ത്യൻ ഇക്കോണോമിക് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും നിരവധി സാമൂഹ്യ-സന്നദ്ധ പ്രസ്ഥാനങ്ങളുടെ സാരഥിയുമാണ്.
മൂന്നു പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം സി എ നാസർ ഇറാഖ് യുദ്ധം, ഇന്ത്യ-പാക് ഉച്ചകോടി, ജിസിസി ഉച്ചകോടികൾ എന്നിവ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിലും നീണ്ട വർഷങ്ങൾ മാധ്യമ പ്രവർത്തകനായി സേവനമനുഷ്ഠിച്ചു. ബഹ്‌റൈനിലും ദുബായിലും ഗൾഫ് മാധ്യമത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്നു. ആകാശവാണി ദൽഹി നിലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിന്റെ മലയാള മൊഴിമാറ്റം ഉൾപ്പെടെ പുസ്തകങ്ങൾ എഴുതിയിട്ടണ്ട്. കാലിക്കറ്റ് ക്യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏറ്റവും മികച്ച മാഗസിൻ എഡിറ്റർക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒരു ഡസനോളം മാധ്യമ അവാർഡുകളും നേടി.
മാർച്ച് 5 നു ദുബായിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.