ദുബൈ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ യു.എ.ഇ കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള ജനതയുടെയും കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയും ആശാകേന്ദ്രമായ പാണക്കാട് കുടുംബത്തിലെ കാരണവര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃസ്ഥാനവും അനേകം മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ച സയ്യിദ് ഹൈദരലി ശിഹാബ് ചര്‍ച്ചയുടെയും ഏകോപനത്തിന്റെയും വക്താവായിരുന്നു. നമ്മുടെ നാടും മുസ്ലിം സാമുദായവും നേരിടുന്ന ഭിന്നതകളെയും പ്രയാസങ്ങളെയും വിപത്തുകളെയും പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും സൗഹാര്‍ദ്ദത്തിലൂടെയും പരിഹരിക്കുക എന്നതായിരുന്നു ഹൈദരലി തങ്ങളുടെ മഹത്വം. തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടപ്പെടുന്നത് പരസ്പര ധാരണയുടെ കേന്ദ്രബിന്ധുവായി നിലകൊണ്ട നേതാവിനെയാണെന്ന് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഏതു കാര്യത്തിലും എല്ലാവരുമായും ചര്‍ച്ച നടത്തുകയും ശരിയായ തീരുമാനത്തിലേക്കെത്തുകയും ചെയ്യുക എന്നതായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ രീതി. പാര്‍ട്ടി തീരുമാനങ്ങളെടുത്താനും സാമുദായ ഐക്യം ഉറപ്പുവരുത്താനും മത സൗഹാര്‍ദ്ദ അന്തരീക്ഷം തകരാതെ നോക്കാനും അദ്ദേഹം ചര്‍ച്ചയുടെയും ഏകോപനത്തിന്റെയും ശേലി സ്വീകരിച്ചു. ഹൈദരലി തങ്ങളുടെ സഹോദരനും മുന്‍ഗാമിയുമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയമായ സംയമനത്തിന്റെയും സഹിഷ്ണുതയുടെയും തുടര്‍ച്ചയായിരുന്നു ഹൈദരലി തങ്ങളുടെയും സമീപനം. കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അമരത്തും ഇസ്ലാം മതസംഘടനകളുടെ തലപ്പത്തും തങ്ങളവര്‍കള്‍ മഹനീയമായ നേതൃത്വമാണ് നല്‍കിയത്. തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് യു.എ.ഇ കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പൂത്തൂര്‍ റഹ്‌മാന്‍ , ജനറൽ സെക്രട്ടറി അൻവർ നഹ , വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി , ട്രസ്റാർ നിസാർ തളങ്കര എന്നിവർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു . കെഎംസിസി കമ്മിറ്റികളുടെ മറ്റു പൊതു പരിപാഹികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കാനും തങ്ങൾക്കു വേണ്ടി മയ്യിത്ത് നമസ്ക്കരിക്കാനും പ്രാർത്ഥന സദസ്സു്കൾ നടത്താനും,
യു.എ.ഇ കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയതായും പൂത്തൂര്‍ റഹ്‌മാന്‍ അറിയിച്ചു.