റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ ഭാവിയില്‍ നടത്താനിരുന്ന ചിത്രീകരണങ്ങളും ഏറ്റടുക്കലുകളും നിര്‍ത്തിവെക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് അറിയിച്ചത്. യുക്രെയ്നിന് മനുഷത്വപരമായ സഹായങ്ങള്‍ പിഡബ്ലൂസി ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ലൂസി കേരള സര്‍ക്കാറിന്റെ സ്പെയ്സ് പാര്‍ക്കില്‍ റിസോഴ്സ് പേഴ്സണായി സ്വപ്ന സുരേഷിനെ നിയമിച്ച സംഭവം വിവാദമായിരുന്നു.
നേരത്തെ സാമൂഹിക മാധ്യമമായ ടിക് ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് വീഡിയോ കണ്ടെന്റുകള് പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുന്നു എന്നായിരുന്നു അന്ന് ടിക് ടോക് അറിയിച്ചത്. ഇതിന് പുറമേ നിരവധി മാധ്യമ സ്ഥാപനങ്ങളും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.