പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാകും. ഇന്ന് തിങ്കളാഴ്ച പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുത്തത്. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനായി സാദിഖലി തങ്ങളെ നിയോഗിക്കുന്നത്. അടുത്ത കാലത്തായി ആക്ടിങ് പ്രസിഡന്റ് എന്ന രൂപത്തില്‍ സാദിഖലി തങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംഘടനാ ബന്ധമുള്ള സ്ഥാപനങ്ങളിലെയും പരിപാടികള്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്നത് കുറച്ച് കാലമായി സാദിഖലി തങ്ങളാണ്. അസുഖ ബാധിതനായതോടെ ഹൈദരലി തങ്ങള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.