യുക്രൈനില്‍ റഷ്യ താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുദ്ധബാധിത പ്രദേശമായ സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം മലയാളികളാണെന്നാണ് സൂചന. സുമിയില്‍നിന്ന് മധ്യ യുക്രൈന് നഗരമായ പോള്‍ട്ടാവയിലേക്കാണ് കുടുങ്ങി കിടക്കുന്നവരെ മാറ്റുന്നത്.
വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടാവയിലേക്ക് നീക്കിയതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. യുക്രൈന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്നതെന്ന് യുക്രൈന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ വിദേശ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സുമി മുതല്‍ പോള്‍ട്ടോവ വരെ ഒരു മാനുഷിക ഇടനാഴി അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.