2022 മാർച്ച് 27 മുതൽ ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 23 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
എന്നാല്‍, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയര്‍ ബബിള്‍ കരാറിന് കീഴില്‍ 2020 ജൂലൈ മുതല്‍ യു എ ഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചുവരികയായിരുന്നു.
എന്നാൽ ഇന്ത്യ എയർ ബബിൾ കരാറുകൾ അവസാനിപ്പിക്കുമെന്നും 2021 ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒമിക്‌റോണിന്റെ കേസുകളുടെ വർദ്ധനവ് കാരണം ഈ സമയപരിധിയും വൈകിപോകുകയായിരുന്നു.
അതെസമയം ഇതുവരെയും ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ ഇല്ലെന്നിരിക്കെ ഒരു വിമാനയാത്രയും തടസ്സപ്പെട്ടിട്ടില്ലെങ്കിലും നിലവിൽ പോയികൊണ്ടിരിക്കുന്ന വിമാന സർവീസുകളുടെ എണ്ണം കുറവായിരുന്നു. അത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്നത്തെ അറിയിപ്പോടെ 2022 മാർച്ച് 27 മുതൽ വിമാന സർവീസുകളിലുള്ള നിയന്ത്രണങ്ങളെല്ലാം മാറുകയാണ്.