ഇറാൻ , ഉത്തരകൊറിയ , ക്യൂബ , വെനസ്വേല, മ്യാൻമർ എന്നീ രാജ്യങ്ങളെ മറികടന്ന് റഷ്യ ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി മാറിയെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. യുഎസും (US) പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ പുതിയ 2,778 ഉപരോധങ്ങൾ റഷ്യയെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഉപരോധം ഏറ്റുവാങ്ങിയ രാജ്യമാക്കി മാറ്റിയതായി വാർത്താ ഏജൻസി ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗോള ഉപരോധ-ട്രാക്കിംഗ് ഡാറ്റാബേസായ Castellum.ai അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് റഷ്യ 5,530 ഉപരോധങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 3,616 ഉപരോധങ്ങളുമായി ഇറാൻ റഷ്യയുടെ തൊട്ടു പിന്നിലുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെയാണ് റഷ്യ ഈ ഉപരോധങ്ങളിൽ പകുതിയിലേറെയും നേരിട്ട് തുടങ്ങിയത്. ഉപരോധം റഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പങ്കാളി എന്നതിൽ നിന്ന് രണ്ടാഴ്ച്ച കൊണ്ട് സാമ്പത്തിക ഭ്രഷ്ട് കൽപ്പിക്കപ്പെട്ട രാജ്യമായി മാറ്റിയെന്ന് യുഎസ് പ്രസിഡന്റുമാരായ ഒബാമയുടെയും ട്രംപിന്റെയും കീഴിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനും കാസ്റ്റല്ലം ഡോട്ട് എഐയുടെ സ്ഥാപകനുമായ പീറ്റർ പിയാറ്റെറ്റ്‌സ്‌കി ബ്ലൂംബെർഗിനോട് പറഞ്ഞു.