കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.
മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ അമ്മൂമ്മയും കാമുകനും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇവർക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. കാഴ്ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാൽ സംശയമുണ്ടായില്ല.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.