മുൻ ഇന്ത്യൻ താരവും, കേരള രഞ്ജി താരവുമായ ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് വിരമിക്കൽ വാർത്ത പങ്കുവച്ചത്. പുതിയ തലമുറയ്ക്കായി വഴിമാറുന്നു എന്ന് കുറിച്ചാണ് 39 കാരന്റെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യകണ്ട മികച്ച പേസ് ബൗളർമാരിൽ ഒരാളായ ശ്രീശാന്ത് രാജ്യത്തിനായി 27 ടെസ്റ്റുകളും, 53 ഏകദിനങ്ങളും, 10 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽനിന്നുമായി 169 വിക്കറ്റുകളും നേടി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായി.
“അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കുന്നു, കരിയർ അവസാനിപ്പിക്കൻ തീരുമാനിക്കുകയാണ്. എനിക്ക് സന്തോഷം തരുന്ന തീരുമാനമല്ലെങ്കിൽക്കൂടി, ഇത് സ്വന്തമായി ആലോചിച്ച് എടുത്തതാണ്. ജീവിതത്തിൽ ഇതാണ് അതിനുള്ള കൃത്യസമയം എന്ന് കരുതുന്നു’ – ശ്രീ ട്വീറ്റ് ചെയ്തു. ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. ഐപിഎൽ ലേലത്തിലും താരത്തിനായി ടീമുകളൊന്നും മുന്നോട്ടുവന്നില്ല. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.