ഒരു പന്നിയിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ വ്യക്തി മരിച്ചു, 2 മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ഡേവിഡ് ബെന്നറ്റ് (57) സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്.
അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഡോക്ടർമാർ പറഞ്ഞിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ അവസ്ഥ വഷളാകാൻ തുടങ്ങിയെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു
അവസാന പരീക്ഷണം വാഗ്ദാനം ചെയ്തതിന് പിന്നാലെ ബെന്നറ്റിന്റെ മകൻ ആശുപത്രിയെ പ്രശംസിച്ചിരുന്നു. അവയവ ദൗർലഭ്യം അവസാനിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾക്ക് ഇത് സഹായിക്കുമെന്ന് കുടുംബം പറഞ്ഞിരുന്നു.