വിമാനത്തിൽ ബോംബുണ്ടെന്ന് തെറ്റായി പറഞ്ഞ് വിമാനം റദ്ദാക്കാൻ നിർബന്ധിച്ച ബ്രിട്ടീഷുകാരനോട് 5 ലക്ഷം ദിർഹം പിഴയടക്കാൻ അബുദാബി കോടതി ഉത്തരവിട്ടു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബുണ്ടെന്ന് എയർലൈൻ ജീവനക്കാരനോട് പറഞ്ഞാണ് പ്രതി വിമാനത്തിൽ കയറാൻ വിസമ്മതിച്ചത്. ഈ വിവരം അറിഞ്ഞയുടൻ അബുദാബി വിമാനത്താവളത്തിലെ സുരക്ഷാ സംഘത്തെ വിവരമറിയിക്കുകയും വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും തിരഞ്ഞു. കൂടാതെ, എല്ലാ ബാഗുകളും ചരക്കുകളും ഇറക്കി പരിശോധിച്ചു. സ്‌ഫോടക വസ്തു പരിശോധനയും ഡിസ്പോസൽ യൂണിറ്റും ചേർന്ന് വിമാനം സ്കാൻ ചെയ്തു. വിശദമായ അന്വേഷണത്തിൽ ബോംബ് ഇല്ലെന്നും റിപ്പോർട്ട് വ്യാജമാണെന്നും കണ്ടെത്തി.
ബ്രിട്ടീഷുകാരന്റെ തെറ്റായ അവകാശവാദം മൂലം വിമാനം റദ്ദായി, കമ്പനിക്കും യാത്രക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തുടർന്ന് പ്രതിയോട് 500,000 ദിർഹം പിഴയടക്കാനും ആവശ്യമായ തുക അടച്ചതിന് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.