ചെർണോബിൽ ആണവനിലയത്തിലെ ജീവനക്കാർ അതീവ അപകടകരമായ അവസ്ഥയിലാണെന്നു രാജ്യാന്തര ആണവോർജ ഏജൻസി. ആണവച്ചോർച്ചയെ തുടർന്നു സോവിയറ്റ് കാലത്തു പ്രവർത്തനം നിർത്തിയതാണു ചെർണോബിൽ നിലയം. അവിടെ ആണവച്ചോർച്ച തടയാനുള്ള സുരക്ഷാസംവിധാനം വൈദ്യുതി വിതരണം നിലച്ചതോടെ തകരാറിലായെന്നാണ് ആശങ്ക. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണു നിലയം.
വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ലെന്നും ആണവവികിരണത്തിനു സാധ്യത കൂടുതലാണെന്നും യുക്രെയ്ൻ ആവർത്തിച്ചു. എന്നാൽ, ബെലാറൂസിൽനിന്നുള്ള വിദഗ്ധ സംഘമെത്തി തകരാറുകൾ പരിഹരിച്ചെന്നും വിതരണം പുനഃസ്ഥാപിച്ചുവെന്നും റഷ്യൻ ഊർജ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ ആക്രമണത്തിനിടെയാണു നിലയത്തിലേക്കുള്ള വൈദ്യുതിലൈനുകൾ തകർന്നത്.