ഇറാഖിലെ ഇർബിലിൽ ഉണ്ടായ മിസൈൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ലംഘിച്ച് ഇറാഖിനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ഇന്നലെ ഞായറാഴ്ച രാത്രി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇറാഖിലെ കുർദ് പ്രവിശ്യാ തലസ്ഥാനമായ ഇർബിലിൽ യുഎസ് കോൺസുലേറ്റിനു നേരെ കനത്ത മിസൈൽ ആക്രമണമുണ്ടായത്.
ഇറാഖിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും യുഎഇയുടെ ഐക്യദാർഢ്യം മന്ത്രാലയം ഇന്നലെ സ്ഥിരീകരിച്ചു.
എന്നാൽ ഈ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഇറാൻ റവലൂഷനറി ഗാർഡ് ഏറ്റെടുത്തു.