പുതിയ റോകറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. എസ്‌എസ്‌എല്‍വിയുടെ ആദ്യ വിക്ഷേപണം മേയില്‍ ഉണ്ടാകും. പുതിയ റോകറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം തിങ്കളാഴ്ച രാവിലെ 12.05ന് ശ്രീഹരിക്കോട്ടയില്‍ വച്ചായിരുന്നു. റോകറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. ആദ്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
മൂന്ന് ഖര ഇന്ധന ഘട്ടങ്ങളുള്ള ചെറു റോകറ്റാണ് എസ്‌എസ്‌എല്‍വി. റോകറ്റിന്റെ അവസാനത്തെ ഘട്ടത്തില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എന്‍ജിനും ഉണ്ട്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ താഴ്ന്ന ഭൂ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ എസ്‌എസ്‌എല്‍വിക്കാവും. 34 മീറ്റര്‍ ഉയരവും, രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്‌എസ്‌എല്‍വിയുടെ ഭാരം 120 ടണ്‍ ആണ്. 2018 ഡിസംബറിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിക്ഷേപണ വാഹനത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയത്.