മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ അനുമതി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തും. ഉച്ചയ്ക്ക് മുന്നേ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കെ റെയില്‍ തന്നെയാവും പ്രധാന വിഷയമായി അവതരിപ്പിക്കുക. കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള പ്രതിഷേധങ്ങളും കേന്ദ്രത്തെ അറിയിക്കും.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. സില്‍വര്‍ലൈനിലടക്കം കേന്ദ്രത്തിന്റെ കൂടുതല്‍ പിന്തുണ തേടാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ നിരവധി വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ശബരിമല വിമാനത്താവളവുമായി മുന്നോട്ട് പോവാനുള്ള അനുമതി നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തിലും കേന്ദ്ര പിന്തുണ തേടും. ഒപ്പം ദേശീയ വികസനത്തിലടക്കം കൂടുതല്‍ സഹായം ആവശ്യപ്പെടും.