ദുബൈ: കോവിഡ് 19 അതി രൂക്ഷമായ കാലയളവിൽ ദുബായിലെ നായിഫ് മേഖലയിൽ പ്രവർത്തനങ്ങളിൽ ഇറങ്ങിയ പ്രതിരോധ പ്രവർത്തകർക്കൊപ്പം ജനങ്ങൾക്ക് ശരിയായ വാർത്തകൾ എത്തിച്ച് ആശ്വാസം നൽകിയ മാധ്യമങ്ങൾക്ക് നായിഫിലെ കോവിഡ് പ്രതിരോധ പ്രവർത്തകർ സംഘടിപ്പിക്കുന്ന നായിഫ് ഫെസ്റ്റിന്റെ ഭാഗമായി നൽകുന്ന മാധ്യമ അവാർഡുകൾ യഹിയ തളങ്കര, ജലീൽ പട്ടാമ്പി അടങ്ങിയ ജൂറി പാനൽ പ്രഖ്യാപിച്ചു.
മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ദുബായ് വാർത്ത എന്നീ മാധ്യമങ്ങൾക്കാണ് അവാർഡുകൾ. 2022 മാർച്ച് 26 ന് വൈകുന്നേരം ദുബൈ അബു ഹൈൽ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന നായിഫ് ഫെസ്റ്റിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് യഹിയ തളങ്കര അറിയിച്ചു.
മാധ്യമ അവാർഡ് കൂടാതെ സോക്കർ ഫെസ്റ്റ്, ആദരിക്കൽ, ഫാമിലി മീറ്റ്, കുട്ടികളുടെ വിവിധ മത്സര പരിപാടികൾ, പാചക മത്സരം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് നായിഫ് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുല്ല ആറങ്ങാടി അറിയിച്ചു.പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി നായിഫ് ഫെസ്റ്റ് സംഘാടകരായ അബ്ദുല്ല ആറങ്ങാടി,റാഫി പള്ളിപ്പുറം, സി.എ ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ തുടങ്ങിയവർ മാധ്യമ അവാർഡ് പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.