എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി 7 ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ എക്‌സ്‌പോ 2020 ദുബായുടെ വേദിയെ ഒരിക്കൽ കൂടി സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ സംഗീത പരിപാടി ഇന്ന് അരങ്ങേറും. ഇന്ന് മാർച്ച് 24 ന് രാത്രി 7 മണിക്ക് ജൂബിലി പാര്‍ക്കിലെ വേദിയിലാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
ജൂബിലി സ്റ്റേജിൽ എആർ റഹ്മാൻ തന്റെ ഹിന്ദി, തമിഴ്, മലയാളം ഹിറ്റുകൾ പുറത്തെടുക്കുമെന്ന് എക്സ്പോ 2020 ദുബായുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്‌തമാക്കുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട പാട്ടുകള്‍ പ്രിയപ്പെട്ട ഗായകര്‍ക്കും സംഗീതഞ്ജര്‍ക്കുമൊപ്പം എക്‌സ്‌പോ വേദിയില്‍ ഒരിക്കൽ കൂടി അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു. എ ആര്‍ റഹ്മാന്റെ ജനപ്രിയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ വേദിയിലവതരിപ്പിക്കും.
ഉദിത് നാരായൺ, വിജയ് യേശുദാസ്, ദലേർ മെഹന്ദി, ജോനിതാ ഗാന്ധി തുടങ്ങിയ സംഗീതജ്ഞരും ഗായകരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
ജനപ്രിയമായ ആവശ്യം കണക്കിലെടുത്ത് ജൂബിലി പാര്‍ക്കിൽ ഇന്ന് പരിപാടിക്ക് നേരത്തെ എത്തിച്ചേരണമെന്നും ആദ്യം വരുന്നവർക്ക് ആദ്യം സീറ്റ് നൽകുന്ന രീതിയിലായിരിക്കുമെന്നും എക്‌സ്‌പോ 2020 ദുബായ് കാണാൻ ടിക്കറ്റെടുത്ത ആർക്കും ഈ സംഗീത പരിപാടി ജൂബിലി സ്റ്റേജിൽ ആസ്വദിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.