എക്സ്പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും ഈ വർഷം അവസാനത്തിൽ പ്രവർത്തനമാരംഭിക്കും. അടുത്തവർഷം ഏപ്രിലിൽ രണ്ടാമത്തെ ബാച്ച് എത്തും. ‘സ്കെയിൽ 2 ദുബായ്’ പദ്ധതിയുടെ ഭാഗമായി 628 അപേക്ഷകരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് വിദഗ്ധ സമിതിയാണ് സംരംഭകരെ തിരഞ്ഞെടുത്തത്.
ഹരിത ഊർജം, സ്മാർട് സിറ്റി, സ്മാർട് മൊബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ എന്നിവയുമുണ്ടാകും.
റോബട്ടിക്സ്, നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ, സൈബർ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് വൻ സ്വീകാര്യതയാണ് എക്സ്പോയിൽ ലഭിച്ചത്. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുടെ സ്മാർട് കേന്ദ്രമായും 4.38 ചതുരശ്ര കിലോമീറ്റർ മേഖല മാറും.
ഇന്ത്യയുടെ ഉൾപ്പെടെ ചില പവിലിയനുകൾ, പ്രധാന കെട്ടിട സമുച്ചയങ്ങളായ അൽ വാസൽ പ്ലാസ, കുട്ടികളുടെ സയൻസ് സെന്റർ, ദുബായ് എക്സിബിഷൻ സെന്റർ എന്നിവ എക്സ്പോയ്ക്കു ശേഷവും നിലനിർത്തും.