സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുഡാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവ രൂക്ഷമായതോടെ ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി.
20 ശതമാനം വില വര്‍ധിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വില 254 ല്‍ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവര്‍കട്ട് തുടരുകയാണ്. 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ എത്തുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി കൂടുതല്‍ ഇടപെടല്‍ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍, ചൈന രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലേക്ക് അയക്കും.