കീവിലെ സൈനിക വിന്യാസം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് റഷ്യ. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഇസ്താംബൂളിൽ വെച്ചു നടത്തിയ ചർച്ചയിലാണ് തീരുമാനം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ ഉറപ്പു നൽകി. യുക്രൈൻ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിലെ ആക്രമണം കുറയ്ക്കുമെന്നാണ് റഷ്യയുടെ ഉറപ്പ്.
തുർക്കി പ്രസിഡന്റ് തയീപ് എർദോഗന്റെ ഓഫീസിൽ വെച്ചു നടന്ന സമാധാന ചർച്ചയിലാണ് തീരുമാനം. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ മതിയായ വ്യവസ്ഥകളുണ്ടെന്ന് യുക്രൈൻ പ്രതിനിധി ഡേവിഡ് അരാഖാമിയ പറഞ്ഞു.
തുടക്കം മുതൽ റഷ്യ-യുക്രൈൻ വിഷയത്തിൽ തുർക്കി ഇടപെട്ടിരുന്നു. സമാധാനം ഉറപ്പാക്കാനായിരുന്നു നാറ്റോ രാജ്യമായ തുർക്കിയുടെ ശ്രമം. റഷ്യയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് തുർക്കി. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെ തുർക്കി എതിർത്തിരുന്നു.