സാമ്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
കൂടാതെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനുംഅധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്.