കിഴക്കൻ ഉക്രയ്നിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ക്രാമാറ്റോർസ്ക് നഗരത്തിലെ റെയിൽവേ സ്റ്റേഷനാണ് ആക്രമിച്ചത്. സ്റ്റേഷനിൽ രണ്ട് മിസൈൽ പതിച്ചു. ആക്രമണത്തിൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. എന്നാൽ, റെയിൽവേ സ്റ്റേഷൻ ഉക്രയ്ൻ സൈനികർ ഉപയോഗിക്കുന്നതാണെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രാമാറ്റോർസ്ക് ലക്ഷ്യമിട്ട് സൈനിക നടപടി ഉണ്ടായില്ലെന്നും റഷ്യ പറഞ്ഞു.
പൗരന്മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഇതെന്നാണ് ഉക്രയ്ൻ അധികൃതരുടെ അവകാശവാദം. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി റെയിൽവേ വിഭാഗം തലവൻ പറഞ്ഞു.