കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ വില 225 രൂപയായി കുറച്ചു. സെറം ഇൻസ്റ്റിറ്റ്യുട്ട് മേധാവി അദാർ പൂനവാലയും ഭാരത് ബയോടെക് ഫൗണ്ടർ സുചിത്ര എല്ലയും ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഷീൽഡിന്റെ വില 600 രൂപയിൽ നിന്നാണ് 225 രൂപയായി കുറച്ചത്. അതേസമയം കോവാക്സിന്റെ വില 1200 രൂപയിൽ നിന്നാണ് 225 രൂപയായി കുറച്ചിരിക്കുന്നത്. നാളെ മുതലാണ് രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കി തുടങ്ങുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വാക്സിൻ ലഭ്യമാകുന്നത് . സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ,കോവിഡ് മുൻനിര പ്രവർത്തകർ,60 തികഞ്ഞവർ എന്നിവർക്ക് നൽകി വന്ന വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം തുടരും.
നിലവിൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 തികഞ്ഞവർ എന്നിവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുന്നത് . എന്നാൽ രാജ്യത്തെ പ്രായപൂർത്തിയായ വലിയൊരു വിഭാഗത്തിനും പണം നൽകി തന്നെ ബൂസ്റ്റർ സ്വീകരിക്കേണ്ടിവരും.
വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവൂ . നേരത്തെ സ്വീകരിച്ച വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസിലും സ്വീകരിക്കേണ്ടത് . സർവീസ് ചാർജായി പരമാവധി 150 രൂപ മാത്രമേ ഈടാക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് എടുക്കാൻ പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല .www.cowin.gov.in എന്ന ലിങ്കിൽ കയറി നേരത്തെ എടുത്ത രണ്ട് ഡസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം . രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുഭാഗത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം . അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ് .