നാളെ 2022 ഏപ്രിൽ 11 മുതൽ, പ്രവാസികളുടെ പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കും. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഇനി എമിറേറ്റ്സ് ഐഡി ആയിരിക്കും. പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്തിരിക്കുന്ന റെസിഡൻസി വിസ സ്റ്റിക്കറുകൾക്ക് പകരമായി എമിറേറ്റ്സ് ഐഡി പ്രവാസികളുടെ താമസ രേഖയായി ഇനി പ്രവർത്തിക്കും.
നാളെ മുതൽ, റെസിഡൻസി അപേക്ഷകൾക്കായി – പുതിയതോ പുതുക്കുന്നതോ ആയ – താമസക്കാർക്ക് രണ്ട് വ്യത്യസ്ത വിസ, എമിറേറ്റ്സ് ഐഡി നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരൊറ്റ ആപ്ലിക്കേഷനിൽ പ്രക്രിയ നടത്താം. മാത്രമല്ല, വിസ സ്റ്റാമ്പിംഗിനായി അപേക്ഷകർ തങ്ങളുടെ പാസ്പോർട്ട് ഇമിഗ്രേഷൻ ഓഫീസുകളിൽ നൽകേണ്ടതില്ല.
ഈ നീക്കം “30 മുതൽ 40 ശതമാനം വരെ” റെസിഡൻസി രേഖകൾ നേടാനുള്ള ശ്രമങ്ങളും സമയവും കുറയ്ക്കും. “വിപുലമായ പഠനങ്ങൾക്ക്” ശേഷം, റസിഡൻസി രേഖകൾ നൽകുന്നതിന് ആവശ്യമായ നടപടികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.
എമിറേറ്റ്സ് ഐഡികൾക്ക് അടുത്തിടെ ഒരു പ്രധാന അപ്ഗ്രേഡ് ലഭിച്ചതിനാൽ വിസ സ്റ്റിക്കറിൽ ലഭ്യമായ എല്ലാ റസിഡൻസിയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങളും അടങ്ങിയിട്ടുണ്ട് . പുതിയ തരം എമിറേറ്റ്സ് ഐഡിയിൽ വ്യക്തിപരവും തൊഴിൽപരവുമായ ഡാറ്റ, ഇഷ്യൂ ചെയ്യുന്ന സ്ഥാപനം, ഇ-ലിങ്ക് സിസ്റ്റം വഴി വായിക്കാനാകുന്ന മറ്റ് ഡാറ്റ എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.