പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതിലെ പ്രധാനിയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹ്ബാസ് ഷെരീഫ്.
പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസിനെ നയിക്കുന്നത് ഷെഹ്ബാസ് ആണ്. തന്റെ സഹോദരന്‍ നവാസ് ഷെരീഫിനേക്കാള്‍ ജനപ്രീതിയുള്ള ആളാണ് ഷെഹബാസ് ഷെരീഫ്. കഴിവുള്ള ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയിലാണ് അദ്ദേഹത്തിന്റെ ശക്തി. സമ്പന്ന കുടുംബത്തില്‍ ജനിച്ച ഷെഹ്ബാസ് ഷെരീഫ് തന്റെ കുടുംബ ബിസിനസിനെക്കാള്‍ സഹോദരനെ പോലെ രാഷ്ട്രീയമാണ് സ്വീകരിച്ചത്. ഒരു സമ്പന്ന വ്യവസായിയുടെ മകനായ അദ്ദേഹം ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍, ഇരുമ്പ് ഇടപാടുകള്‍ നടത്തുന്ന ഇത്തിഫാഖ് ഗ്രൂപ്പില്‍ ചേര്‍ന്നു. 1990 – ല്‍, നവാസ് ഷെരീഫ് ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍, ഷെഹ്ബാസ് രാജ്യത്തിന്റെ പൊതു സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.