ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യവിമാനത്തിന്റെ കന്നിപറക്കൽ ഇന്ന്. 17 സീറ്റുള്ള ‘ഡോർണിയർ 228 ‘ വിമാനമാണ് അതിന്റെ ആദ്യ വാണിജ്യപറക്കലിന് തയ്യാറായത്. അസമിലെ ദിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണ് വിമാനത്തിന്റെ ആദ്യ പറക്കല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
അരുണാചൽ പ്രദേശിലെ അഞ്ച് വിദൂര നഗരങ്ങളെയും അസമിലെ ദിബ്രുഗഡുമായി ബന്ധിപ്പിക്കുന്ന സർവീസാണിത്. ഇതാദ്യമായാണ് തദ്ദേശീയമായി നിർമിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തിൽ പറക്കാൻ ഉപയോഗിക്കുന്നത്.ഇത് വടക്ക് കിഴക്കൻ മേഖലയുടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വ്യോമ ബന്ധം കൂടുതൽ വർധിപ്പിക്കും. എസി ക്യാബിനോടുകൂടിയ 17 സീറ്റുകളുള്ള നോൺ-പ്രഷറൈസ്ഡ് ‘ഡോർണിയർ 228 ‘രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ പ്രാപ്തമാണെന്ന് എച്ച്എഎൽ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ലഘുഗതാഗത വിമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക കണക്റ്റിവിറ്റി സുഗമമാക്കും.
വിമാനത്തിന്റെ കന്നിപറക്കല്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്യും. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാൻ അസം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശർമ്മ, പേമ ഖണ്ഡു എന്നിവരുമുണ്ടാകും.