യു എ ഇ യിൽ ചൂട് വർധിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുകയും ടയറുകൾ പരിശോധിക്കുകയും വേണമെന്നു ദുബായി പൊലീസിന്റെ നിർദ്ദേശം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്ക് കത്തി റോഡ് ഭാഗികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഗതാഗതക്കുരുക്കിനും റോഡുകൾക്കു കേടുപാടു സംഭവിക്കാനും ഇത്തരം അപകടങ്ങൾ കാരണമാകുന്നു. ഇതര വാഹനങ്ങളോടിക്കുന്നവർ അപകട ദൃശ്യങ്ങൾ നോക്കുന്നതു മൂലവും ഗതാഗതം തടസ്സപ്പെടുന്നു. കഴിഞ്ഞമാസം അജ്മാനിൽ 10 ഡീസൽ ടാങ്കറുകൾക്ക് തീപിടിച്ചിരുന്നു. ചൂടുകാലമാകുന്നതോടെ ടയറുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികാരികൾ പറയുന്നു. അമിതഭാരം, വേഗം, ടയർ പൊട്ടിത്തെറിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ അവ മാറ്റി സ്ഥാപിക്കണം.