യു എ ഇയിൽ പതിവ് പോലെ ഫ്ലാറ്റുകളിലും ലേബർ ക്യാമ്പുകളിലും വിഷുക്കണി കണ്ടാണ് പ്രവാസികളുടെ ഇന്നത്തെ ദിവസം തുടങ്ങിയത്. ഇത്തവണ വിഷു വെള്ളിയാഴ്‌ച്ച വന്നെത്തിയെങ്കിലും യു എ ഇയിലെ പുതിയ വാരാന്ത്യമനുസരിച്ച് വെള്ളിയാഴ്‌ച്ച ഭാഗിക അവധിയും ശനി, ഞായർ പൂർണ അവധിയും ആയതിനാൽ മലയാളി പ്രവാസികളെല്ലാം ഇന്ന് വിഷുകണികണ്ട് നേരെ ജോലിയിൽ പ്രവേശിക്കും. ഭൂരിഭാഗവും സർക്കാർ സ്ഥാപനങ്ങളാണ് വെള്ളിയാഴ്‌ച്ച ഭാഗിക അവധിയുൾപ്പെടയുള്ള വാരാന്ത്യ അവധി പിന്തുടരുന്നത്. പല സ്വകാര്യ സ്ഥാപനങ്ങളും ശനി അല്ലെങ്കിൽ ഞായർ അവധി ദിനങ്ങളാണ് പിന്തുടരുന്നത്. എന്നിരുന്നാലും ചിലര്‍ ഇന്ന് അവധിയെടുത്ത് വിഷു ആഘോഷിക്കുന്നുണ്ട്.
എന്നിരുന്നാലും 2 വർഷത്തിന് ശേഷം പുറത്ത് മാസ്ക് ധരിക്കാതെയും യു എ ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടുമുള്ള ആദ്യത്തെ വിഷുവാണിത്. കുടുംബങ്ങളായി താമസിക്കുന്നവർ രാവിലെ കണികണ്ട് മുതിർന്നവരിൽ നിന്നും കൈനീട്ടം സ്വീകരിച്ച് പരമ്പരാഗത രീതിയിൽ തന്നെ വിഷു ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു.
കണിയ്ക്കും വിഷു സദ്യയ്ക്കുള്ള സാധനങ്ങളെല്ലാം നാട്ടിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് തന്നെ ഹൈപ്പർമാർക്കറ്റുകളിൽ എത്തിയതിനാൽ മനോഹരമായ കണി ഒരുക്കാൻ പ്രവാസികൾക്ക് സാധിച്ചു. കൂട്ടുകാരെയും ബന്ധുക്കളെയും സന്ദർശിക്കാൻ ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കുടുംബങ്ങളുടെയും ബാച്ചിലേഴ്‌സിന്റെയും അടുക്കളകളിൽ ഇത്തവണത്തെ വിഷുവിന് ആളും ആരവവും ഉണ്ടാകും. റമദാനോടനുബന്ധിച്ച് ജോലിസമയത്തിൽ കുറവുള്ളതിനാൽ ഷോപ്പിംഗ് മാളുകളില്‍ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ തന്നെ വിഷുവിഭവങ്ങള്‍ വാങ്ങാൻ മലയാളി പ്രവാസികളുടെ തിരക്കനുഭവപ്പെട്ടിരുന്നു.