വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ പേജുകൾ ഉൾപ്പെടെ, ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (Mohre) തൊഴിലുടമകൾക്കും കുടുംബങ്ങൾക്കും മുന്നറിയിപ്പ് നൽകി.
എതാനും നിബന്ധനകൾ പാലിച്ച ശേഷം ലൈസൻസ് ലഭിച്ചാൽ, വീട്ടുജോലിക്കാരെ വാടകയ്ക്ക് നൽകാൻ സ്വകാര്യ റിക്രൂട്ട്മെന്റ് ഓഫീസുകളെ അനുവദിക്കുന്ന ഉത്തരവ് മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. “അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ഇടപെടുന്നത് എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു, കാരണം അവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിരന്തരമായ മേൽനോട്ടത്തിലാണ്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലൈസൻസില്ലാത്ത ഓഫീസുകളിൽ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ തൊഴിലുടമകളും കുടുംബങ്ങളും അഭിമുഖീകരിക്കുന്ന അഞ്ച് അപകടസാധ്യതകൾ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒളിച്ചോടിയ അല്ലെങ്കിൽ നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് നിയമപരമായ ഉത്തരവാദിത്തം നേരിടാം. സ്പോൺസർഷിപ്പോ ഔദ്യോഗിക രേഖകളോ ഇല്ലാതെ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതും നിയമവിരുദ്ധമാണ്.
വീട്ടുജോലിക്കാരൻ ആരോഗ്യവാനാണെന്ന് ഉറപ്പാക്കാൻ നടപടികളെടുക്കാത്തതിനാൽ അവരിൽ നിന്ന് കുടുംബത്തിന് പകർച്ചവ്യാധികൾ പിടിപെടാം.
ഗാർഹിക തൊഴിലാളിക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ തൊഴിലുടമയുടെ സുരക്ഷ അപകടത്തിലാകും. തൊഴിലാളികൾ ജോലിക്ക് ആവശ്യമായ യോഗ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൈസൻസുള്ള കേന്ദ്രങ്ങൾ വഴിയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഗാർഹിക തൊഴിലാളികളുടെ അനൗദ്യോഗിക റിക്രൂട്ട്മെന്റിൽ പരിശീലനം ലഭിക്കാത്ത തൊഴിലാളികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ലൈസൻസുള്ള കേന്ദ്രങ്ങൾ, വീട്ടുജോലിക്കാരെ കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകുന്നതിന് മുമ്പ് അവർക്ക് ഓറിയന്റേഷനും പരിശീലനവും നൽകുന്നു.