യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐഡി കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.
യുഎഇയിൽ താമസ, തൊഴിൽ വീസയുള്ളവർക്കെല്ലാം ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ഐഡി കാർഡ് മാത്രം മതിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകൾക്കും കമ്പനികൾക്കും സെൻട്രൽ ബാങ്ക് കൈമാറിയിട്ടുണ്ട്.
വീസയ്ക്കും ഐഡി കാർഡിനുമുള്ള അപേക്ഷ ഏകീകരിച്ചതിനെ തുടർന്ന് ടൈപ്പിങ് സെന്റർ ജീവനക്കാർക്ക് ഇതുസംബന്ധിച്ചു പരിശീലനം നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി അധികൃതർ തീരുമാനിച്ചു.
പാസ്പോർട്ടിൽ വീസ പതിക്കുന്നതു 11 മുതലാണ് നിർത്തിവച്ചത്. പുതിയ സംവിധാനം എല്ലാ എമിറേറ്റുകളിലും പൂർണമായും നിലവിൽ വരുന്നതുവരെ ചിലയിടങ്ങളിൽ തൽക്കാലം നിലവിലുള്ള രീതിയിൽ വീസ സ്റ്റാംപിങ് തുടരും.