യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ദുബായിലെ യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയിൽ മിന്നൽ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ വിലയും സ്റ്റോക്കും നിരീക്ഷിച്ചു.
ഉക്രൈൻ – റഷ്യ യുദ്ധ പശ്ചാത്തലത്തിൽ പലയിടത്തും വിലവർദ്ധനവ് പ്രഖ്യാപിക്കുന്നതിനാൽ ദുബായിലെ അവശ്യസാധനങ്ങളുടെ സ്റ്റോക്കും വിലവർദ്ധനവും ഗുണമേന്മയും സംബന്ധിച്ചതെല്ലാം പരിശോധിക്കുന്നതിനായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ഈ മിന്നൽ പരിശോധന.
അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ സംവിധാനം സംബന്ധിച്ച് യുഎഇയുടെ സാമ്പത്തിക മന്ത്രാലയം (MoE) അടുത്തിടെ ഒരു പുതിയ നയം അംഗീകരിച്ചിരുന്നു. ഈ പുതിയ നയത്തിന് കീഴിൽ, പാൽ, ചിക്കൻ, പഞ്ചസാര, ഉപ്പ്, അരി തുടങ്ങിയ ചില അടിസ്ഥാന ഉൽപ്പന്നങ്ങളുടെ വില വർദ്ധനയുമായി ബന്ധപ്പെട്ട് തക്കതായ തെളിവുകൾ വിതരണക്കാർ സമർപ്പിക്കേണ്ടതുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു സൂപ്പർമാർക്കറ്റിൽ ഉൽപ്പന്നങ്ങൾ പരിശോധിക്കുന്ന വീഡിയോ ക്ലിപ്പ് ഓൺലൈനിൽ വൈറലായിരുന്നു.