ഉത്തർപ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ തലസ്ഥാന മേഖല (എൻസിആർ) ജില്ലകളിലാണ് കൊവിഡ് കേസുകൾ വർധിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശങ്ങൾ നൽകിയതായി പ്രസ്താവനയിൽ പറയുന്നു. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും എൻസിആർ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
എല്ലാ എൻസിആർ ജില്ലകളും ജാഗ്രതപുലർത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനിതക പഠനത്തിനായി കൊവിഡ് രോഗികളുടെ സാമ്പിളുകൾ അയക്കാനും യോഗി ആദിത്യനാഥ് നിർദേശം നൽകി. ശനിയാഴ്ച ഗൗതം ബുദ്ധ് നഗറിൽ 70 കൊവിഡ് കേസുകളും ഗാസിയാബാദിൽ 11 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 700 സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് ലഭ്യമാണ്.