എക്സ്പോ 2020 ദുബായ് ജില്ലയുടെ മേൽനോട്ടത്തിനായി സുപ്രീം കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമം പുറപ്പെടുവിച്ചു. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് പുതിയ കമ്മിറ്റിയുടെ അധ്യക്ഷൻ.
എക്‌സ്‌പോ 2020 ദുബായ് പ്രിപ്പറേറ്ററി കമ്മിറ്റിയുടെയും എക്‌സ്‌പോ 2020 ദുബായ് ബ്യൂറോയുടെയും അതിന്റെ ഡയറക്‌ടർ ജനറലിന്റെയും നിബന്ധനകൾ ആറ് മാസത്തേക്ക് നീട്ടിക്കൊണ്ടുള്ള നിയമമാണ് ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചത്. കമ്മിറ്റി ചെയർമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാന് കമ്മിറ്റിയുടെ കാലാവധി നീട്ടാൻ കഴിയും.
എക്‌സ്‌പോ 2020 ദുബായ് ജില്ലയുടെ മേൽനോട്ടം വഹിക്കാനുള്ള സുപ്രീം കമ്മിറ്റിയിലെ അംഗങ്ങളിൽ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, അബ്ദുൾ റഹ്മാൻ സാലിഹ് അൽ സാലിഹ്, ഹെലാൽ സയീദ് അൽ മർരി എന്നിവരും ഉൾപ്പെടുന്നു. മൂന്ന് വർഷമാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
ദുബായ് എക്‌സ്‌പോ സമാപിച്ചതോടെ ഡിസ്ട്രിക്ട് 2020′ എന്ന എക്‌സ്‌പോ വേദി താമസകേന്ദ്രം കൂടിയായി മാറും. വളരെ വേഗത്തിൽ തന്നെ ഡിസ്ട്രിക്ട് 2020 യുടെ ഏത് ഭാഗത്തേക്കും എത്തിപ്പെടാൻ കഴിയുന്ന സ്മാർട്ട് സൗകര്യങ്ങളാണ് താമസക്കാർക്കായി ഒരുക്കുക. പരമാവധി 15 മിനുട്ടിനുളളിൽ തന്നെ വില്ലേജിനുള്ളിലെ ഏത് ഭാഗത്തേക്കും എത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
സ്മാർട് നഗരത്തിലെ താമസക്കാർക്കും ജീവനക്കാർക്കും വിനോദസഞ്ചാരികൾക്കും ഏതാവശ്യത്തിനും 15 മിനിറ്റിനകം ലക്ഷ്യത്തിലെത്താമെന്ന് ഡിസ്ട്രിക്ട് 2020 രൂപകൽപനയ്‌ക്കും നിർമാണത്തിനും നേതൃത്വം നൽകിയ ഡേവിഡ് ഗോർലെ പറഞ്ഞു. ഭാവി പദ്ധതികൾ കൂടി മുന്നിൽക്കണ്ടാണ് എക്‌സ്‌പോയിൽ എല്ലാ പ്രായക്കാരെയും പങ്കെടുപ്പിച്ച് ഇടയ്‌ക്കിടെ സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്. എവിടെയും എളുപ്പമെത്താൻ കാൽനട-സൈക്കിൾ യാതക്കാർക്ക് വിപുല സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹരിതമേഖലയിലൂടെ 10 കിലോമീറ്റർ സൈക്കിൾ ട്രാക്ക്, 5 കിലോമീറ്റർ ജോഗിങ് ട്രാക്ക്, നടപ്പുവഴികൾ എന്നിവയാണുള്ളത്. മൊബിലിറ്റി മേഖലയിലടക്കം വലിയ കെട്ടിടങ്ങൾ അതേപടി നിലനിർത്തും. സസ്‌റ്റൈനബിലിറ്റി, ഓപ്പർച്യൂണിറ്റി പവിലിയനുകൾ, പാർക്കുകൾ, ജലാശയങ്ങൾ തുടങ്ങിയവ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളാകും.