ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്.
ആള്‍ക്കൂട്ടം അക്രമാസക്തരാവുകയും തങ്ങളുടെ നേരെ കല്ലെറിയുകയും ചെയ്തതോടെ വെടിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്ന് ലങ്കന്‍ പോലീസ് വക്താവ് പറഞ്ഞു.
തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ആളുകളെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് വാഹന ഉടമകളാണ് ടയറുകള്‍ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചത്.
കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം തുടരുകയാണ്. മരുന്നുകളുടെയും ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരും ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തി.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ശ്രീലങ്ക ഐഎംഎഫുമായി ചർച്ചക്ക് തയ്യാറെടുക്കവെയാണ് പ്രതിഷേധം കനക്കുന്നത്. പെട്രോൾ റീട്ടെയിൽ വില 65 ശതമാനത്തോളം വർധിപ്പിച്ചതിന് പിന്നാലെ നിരവധിപേർ എതിർപ്പുമായി രംഗത്തെത്തി.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമെ, കുതിച്ചുയരുന്ന വിലക്കയറ്റവും മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കവും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. കോവിഡിന് ശേഷം തുടങ്ങിയ സാമ്പത്തിക അരക്ഷിതാവസ്ഥ ടൂറിസം മേഖലയുടെ തകർച്ചയിലേക്കും നയിച്ചു. വിദേശനാണ്യ ക്ഷാമം അവശ്യവസ്തുക്കളുടെ ഇറക്കുമതിയെയും സാരമായി ബാധിച്ചു. തുടർന്ന് ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നാണ് രാജ്യം സാമ്പത്തിക സഹായം തേടുകയായിരുന്നു.