കോവിഡ് കേസുകൾ ഉയരുന്നതിനാൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഡൽഹി. ഡൽഹി ലഫ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു.
രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്. മാസ്ക് നിർബന്ധമാക്കിയെങ്കിലും സ്കൂളുകളുടെ പ്രവർത്തനം തുടരാൻ തന്നെയാണ് യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം. കുട്ടികളുടെ സുരക്ഷ പരിഗണിച്ച് സ്കൂളുകളിൽ വിദ്യാർഥികൾ മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ വിലയിരുത്തി.
ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്, സർക്കാർ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇന്നലെ ഏപ്രിൽ 19ന് ചൊവ്വാഴ്ച 632 പുതിയ കോവിഡ് കേസുകളാണ് ഡൽഹി റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും രോഗബാധയെ തുടർന്നുള്ള മരണ നിരക്ക് വളരെ കുറവായിട്ടാണ് രേഖപ്പെടുത്തുന്നത്.