ദുബായ് അൽ മുറഖബത്ത് ഏരിയയിലെ തെരുവിൽ ഒരു ദിർഹം നൽകിയാൽ നിങ്ങളുടെ ഭാരം നോക്കിപ്പറയാം എന്ന് വഴിയാത്രക്കാരോട് ആവശ്യപെട്ട യാചകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
വഴിയാത്രക്കാരോട് ഭാരം നോക്കാൻ ആവശ്യപ്പെടുന്നത് കണ്ടതിനെ തുടർന്നാണ് അൽ മുറാഖബത്ത് പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ യാചകനെ പിടികൂടിയതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ആക്ടിംഗ് ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി പറഞ്ഞു.
മുത്തുകൾ, ഖുറാൻ രൂപകല്പന ചെയ്ത പുരാവസ്തുക്കളും അലങ്കാര വസ്തുക്കളും പോലെയുള്ള ഇസ്‌ലാമിക പുരാവസ്തുക്കൾ വിൽക്കുന്ന സാധാരണ രീതികൾ കൂടാതെ ഒരു പുതിയ തരം ഭിക്ഷാടനമാണിതെന്നും ദുബായ് പോലീസ് പറഞ്ഞു.
സഹതാപവും പണവും നേടുന്നതിനായി യാചകർ പല തരത്തിലുള്ള അടവുകളും തങ്ങളുടെ സാമ്പത്തിക കഥ അല്ലെങ്കിൽ ആരോഗ്യ പ്രതിസന്ധികളെക്കുറിച്ചെല്ലാം കഥ മെനഞ്ഞ് പറഞ്ഞേക്കാം, അതിനോടൊന്നും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.