യുക്രെയ്നിലെ മരിയുപോൾ തുറമുഖ നഗരം കീഴടക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ . കിഴക്കൻ യുക്രെയ്നിലെ ഡോൺബാസാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു. എന്നാൽ, മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റാൾ ഉരുക്കുവ്യവസായശാലയിൽ രണ്ടായിരത്തോളം യുക്രെയ്ൻ ഭടന്മാരുണ്ടെന്നും അവരെ നേരിടാൻ റഷ്യ മടിക്കുന്നത് കനത്ത തിരിച്ചടി ഭയന്നാണെന്നും യുക്രെയ്ൻ പ്രതികരിച്ചു. 11 ചതുരശ്ര കിലോമീറ്റർ വരുന്ന ഉരുക്കുവ്യവസായശാല ഉപരോധിച്ചിരിക്കുന്നതിനാൽ ബങ്കറുകളിലും തുരങ്കങ്ങളിലും കഴിയുന്ന യുക്രെയ്ൻ പോരാളികൾ വൈകാതെ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് റഷ്യ.
യുക്രെയ്നിന് അടിയന്തര സഹായമായി 50 കോടി ഡോളർ കൂടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നൽകും. കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളിൽ ഒട്ടേറെപ്പേർ നഗരം വിട്ടു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു.