റഷ്യ – യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും. ചർച്ചയ്ക്ക് ശേഷം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെയും ഗുട്ടെറസ് കാണും. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും. ‘യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനായി എന്ത് ചെയ്യാനാകും എന്നാകും മോസ്കോയിൽ ഗുട്ടെറസ് ചർച്ച നടത്തുക. യുക്രൈനിൽ സന്ദർശനം നടത്താൻ യുക്രൈൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്’, യുഎൻ വക്താവ് എറി കനേകോ അറിയിച്ചു. യുക്രൈന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎൻ സെക്രട്ടറി ജനറൽ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്.
വ്യാഴാഴ്ചയാകും സെലൻസ്കിയെ ഗുട്ടെറസ് കാണുക. സെലൻസ്കിയ്ക്ക് പുറമെ അദ്ദേഹം യുക്രൈൻ വിദേശകാര്യമന്ത്രിയെയും കാണുമെന്നും ഐക്യരാഷ്ട്ര സഭ പ്രസ്താവനയിലൂടെ അറിയിച്ചു.