മരിയുപോളിൽ അവശേഷിക്കുന്ന യുക്രെയ്ൻ സൈനികരെ തുരത്താൻ റഷ്യ ആക്രമണം പുനരാരംഭിച്ചു. ആയിരത്തിലേറെ സൈനികർ ഒളിച്ചിരിക്കുന്ന അസോവ്സ്റ്റാൾ ഉരുക്കുനിർമാണ ശാല ലക്ഷ്യമിട്ടാണ് ആക്രമണം. നഗരം കീഴടക്കിയതായി കഴിഞ്ഞയാഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഫാക്ടറിയിൽനിന്ന് ആരും പുറത്തുകടക്കാതിരിക്കാൻ പുറമേനിന്ന് അടച്ചുപൂട്ടാനും പുട്ടിൻ ഉത്തരവു നൽകി.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ എല്ലാ പട്ടണങ്ങളിലും റഷ്യ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നുവെന്നാണു റിപ്പോർട്ട്. യുക്രെയ്ൻ സൈനികർ ആൾനാശം ഒഴിവാക്കാനായി ഈ മേഖലയിൽ പിന്മാറ്റം ആരംഭിച്ചു. ഡോൺബാസിലെ ലുഹാൻസ്കും ഡോണെറ്റ്സ്ക് മേഖലയിലെ ചില പ്രദേശങ്ങളും റഷ്യൻ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലാണ്.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും വരുന്ന ആഴ്ച കൂടിക്കാഴ്ച നടത്തും. 26 നാണു മോസ്കോയിലെത്തുന്നത്. 28നു യുക്രെയ്നിലുമെത്തും.