ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മയക്കുമരുന്നുമായി എത്തിയ പാകിസ്താൻ ബോട്ട് പിടികൂടിയത്. പിടികൂടിയ ഹെറോയിന് വിപണിയിൽ 280 കോടി രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടന്ന ‘അൽ ഹജ്’ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാകിസ്ഥാൻ പൗരന്മാരെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.
കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബോട്ട് നിർത്താൻ നിർദേശം നൽകിയെങ്കിലും നിർത്താതെ പോയി. ഇതിനെ തുടർന്ന് വെടിവെപ്പ് നടത്തേണ്ടി വന്നതായും വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കോസ്റ്റ്ഗാർഡ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിടിയിലായവരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തെത്തിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മുൻപും മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ടുകൾ ഇന്ത്യൻ തീരത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.