Search
Close this search box.

കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം ശക്തമാക്കി

യുക്രെയ്നിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം ശക്തമാക്കി. കീവിൽ 25 നില അപ്പാർട്മെന്റ് സമുച്ചയത്തിന്റെ താഴത്തെ 2 നിലകൾ തകർത്ത മിസൈൽ ആക്രമണത്തിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേണലിസ്റ്റ് വീര ഹൈറിച്ച് കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കീവ് സന്ദർശിക്കുന്നതിനിടെയാണ് രണ്ടിടത്ത് മിസൈൽ ആക്രമണം നടന്നത്.

മരിയുപോളിലും ഡോണെറ്റ്സ്കിലും പൊളോണിലും ചെർണിഹീവിലും കനത്ത ആക്രമണം തുടരുന്നു. വൻ നാശമുണ്ടായതായി സമ്മതിച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസിനോവ് റഷ്യയുടെ നഷ്ടം അതിഭീമമാണെന്ന് പറഞ്ഞു. കൂടുതൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും യുക്രെയ്ൻ അറിയിച്ചു. കരയിലൂടെയുള്ള മുന്നേറ്റം തടസ്സപ്പെട്ടതോടെയാണ് റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയത്.

റഷ്യയെ ചെറുക്കാൻ നാറ്റോ മാരകശേഷിയുള്ള കൂടുതൽ പടക്കോപ്പുകൾ യുക്രെയ്നിനു ലഭ്യമാക്കി. ആയിരക്കണക്കിനു നാറ്റോ സൈനികർ ഫിൻലൻഡ്, പോളണ്ട്, നോർത്ത് മാസിഡോണിയ, എസ്തോണിയ, ലാത്വിയ അതിർത്തിയിലേക്കു നീങ്ങി. ഫിൻലൻഡിനും സ്വീഡനും ഉടൻ അംഗത്വം നൽകാനും നാറ്റോ തീരുമാനിച്ചിട്ടുണ്ട്. യുക്രെയ്നിനു 3350 കോടി ഡോളറിന്റെ സൈനികസഹായം നൽകാനുള്ള നിർദേശത്തിന് യുഎസ് കോൺഗ്രസ് അനുമതി നൽകി. ഇതിൽ 2000 കോടി ഡോളറിന്റെ ആയുധങ്ങളാണ്. യുദ്ധമേഖലയിലേക്ക് ഏകോപനത്തിന് സൈനിക വിദഗ്ധരെ അയയ്ക്കാൻ ബ്രിട്ടൻ തീരുമാനിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts