കാസര്‍കോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയൂം സംഭവത്തിൽ സ്ഥാപനത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ കടയിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂർ കരിവെള്ളൂർ സ്വദേശി ദേവനന്ദ മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ദേവനന്ദയുടെ മരണം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവര്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം. ദേവനന്ദയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍ നടക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയിന്റ്. സംഭവത്തെ തുടർന്ന് കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്.