കേരളത്തിൽ ഷവര്‍മ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തന ലൈസന്‍സ് എടുക്കാത്ത കടകളുണ്ടെന്നും അത് ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും പ്രവര്‍ത്തന ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടച്ചുപൂട്ടിക്കുമെന്നും നിശ്ചിത മാനദണ്ഡം പാലിക്കാത്ത കടയുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിനിലൂടെ കേരളത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നത് തുടരുന്നുണ്ട്.
പഴകിയ മാംസം, പാതിവെന്ത മാംസം, ഫാസ്റ്റ് ഫുഡിനൊപ്പം നല്കുന്ന മയോണൈസ് തയ്യാറാക്കുന്ന രീതി, ശുചിത്വമില്ലാത്ത സാഹചര്യം തുടങ്ങിയവയാണ് പലപ്പോഴും ഷവര്‍മ കഴിച്ചുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഷവര്‍മ ഉണ്ടാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.