മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി സമുച്ചയത്തിൽ അഭയം തേടിയ ജനങ്ങളെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യയുടെ റോക്കറ്റാക്രമണം. സോവിയറ്റ് യൂണിയന്റെ കാലത്തു നിർമിച്ച കൂറ്റൻ ഫാക്ടറി സമുച്ചയത്തിലേക്ക് റഷ്യൻ സൈനികർ ഇരച്ചുകയറി. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള ഒഴിപ്പിക്കൽ പൂർത്തിയായിട്ടില്ല. ഇനിയും ഇരുനൂറോളം പേർ കൂടി ഇവിടെയുണ്ടെന്നാണു റിപ്പോർട്ടുകൾ. ബാക്കിയുള്ളവരെ സുരക്ഷിതരായി സപൊറീഷയിൽ എത്തിച്ചു.
യുക്രെയ്ന്റെ അസോവ് ബറ്റാലിയൻ സംരക്ഷണം നൽകുന്ന ഫാക്ടറിയിൽനിന്നു പ്രകോപനമുണ്ടായതിനു മറുപടിയായാണ് റോക്കറ്റാക്രമണമെന്നു റഷ്യ വിശദീകരിച്ചു. റഷ്യൻ സൈനികർ ഫാക്ടറി സമുച്ചയത്തിലേക്കു കടന്നു കയറിയെന്ന് അസോവ് ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡർ സ്‌വിയതോസ്ലാവ് പലാമർ സ്ഥിരീകരിച്ചു.
അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി സമുച്ചയം ഒഴികെ മരിയുപോൾ നഗരം റഷ്യ കീഴടക്കിക്കഴിഞ്ഞു. ഹർകീവിലും ഡൊണെട്സ്കിലും ആക്രമണം രൂക്ഷമാക്കി. ഡൊണെക്സ്കിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 9 നാട്ടുകാർ കൊല്ലപ്പെട്ടു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ കണ്ടു സംസാരിക്കാനായി സമയം ചോദിച്ചിട്ട് റഷ്യൻ ഭരണകൂടം പ്രതികരിച്ചില്ലെന്ന് ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനുമായി വിഡിയോ വഴി 40 മിനിറ്റ് സംസാരിച്ചതിൽ പകുതി സമയവും കടലാസിൽനിന്നു നോക്കി വായിച്ച് യുദ്ധത്തിനു ന്യായീകരണങ്ങൾ നിരത്തുകയാണ് അദ്ദേഹം ചെയ്തതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.