ഈ റമദാനിൽ, ലുലു ഗ്രൂപ്പ് ഉപഭാക്താക്കളുടെ സഹായത്തോടെ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി സമാഹരിച്ചത് 100,000 ദിർഹം. ദുബായ് കെയേഴ്സ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
‘ഷെയറിംഗ് ഈസ് കെയറിംഗ്’ എന്ന പേരിലുള്ള ചാരിറ്റി ക്യാമ്പയിൻ വിശുദ്ധ റമദാൻ മാസത്തിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ സ്റ്റോറുകളിൽ നടന്നു. ജനപ്രിയ ഇന്റഗ്രൽ ഷോപ്പർ ഡിസ്‌കൗണ്ട് വൗച്ചറുകളുടെ ഉപയോഗത്തെ ചാരിറ്റി സംഭാവനകളുമായി ബന്ധിപ്പിച്ചാണ് ക്യാമ്പയിൻ വിലപ്പെട്ട ഫണ്ട് സ്വരൂപിച്ചത്. റിഡീം ചെയ്ത ഓരോ കൂപ്പണിലും ഷോപ്പർമാരുടെ സകാത്ത് സംഭാവനയുടെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായ ദുബായ് കെയേഴ്‌സിന് ഒരു ദിർഹം സംഭാവന ലഭിച്ചു. ലഭിച്ച തുക ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ സലിം എം.എ ദുബായ് കെയേഴ്സിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അബ്ദുല്ല അഹമ്മദ് അൽഷെഹിക്ക് കൈമാറും.
“ആഗോളതലത്തിൽ നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്റഗ്രൽ ഷോപ്പറുമായി ഒരിക്കൽ കൂടി പങ്കാളിയാകുന്നതിൽ ലുലു ഗ്രൂപ്പ് സന്തോഷം അറിയിക്കുന്നു. 2013 മുതൽ ഞങ്ങൾ നടത്തിവരുന്ന ഒരു പ്രോഗ്രാമാണിത്, ഇത് റമദാനിനെ അടയാളപ്പെടുത്തുന്ന ദാനത്തിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് വിജയിപ്പിക്കാൻ ഒത്തുചേർന്ന എല്ലാ ഉദാരമതികളായ ഷോപ്പർമാർക്കും പ്രമുഖ ബ്രാൻഡുകൾക്കും ഞങ്ങൾ നന്ദി പറയുന്നു” – ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ സലിം എം.എ പറഞ്ഞു.
“ദുബായ് കെയേഴ്സുമായുള്ള ദീർഘകാല സഹകരണത്തിന് ലുലുവിന് ഞങ്ങൾ നന്ദി പറയുന്നു, കൂടുതൽ ആളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് “- ലുലു ഗ്രൂപ്പിന്റെ സ്ഥിരമായ പിന്തുണയെ പ്രശംസിച്ചുകൊണ്ട് ദുബായ് കെയേഴ്സിലെ അബ്ദുല്ല അഹമ്മദ് അൽഷെഹി പറഞ്ഞു.