യുഎഇയിൽ വ്യവസ്ഥകൾക്ക് വിധേയമായി സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികൾക്ക് വർഷാവർഷം കനത്ത പിഴ നൽകേണ്ടിവരുമെന്ന് യുഎഇ മന്ത്രി അറിയിച്ചു.
50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ 2 ശതമാനം എമിറാത്തി തൊഴിലാളികൾ ഉണ്ടായിരിക്കണമെന്ന നിയമത്തിന് യുഎഇയിൽ അംഗീകാരം നൽകിയതോടെ ഈ നിയമം പാലിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനികൾ വർഷാവർഷം കനത്ത പിഴ നൽകേണ്ടിവരുമെന്ന് യുഎഇയുടെ ഏറ്റവും പുതിയ കാബിനറ്റ് പ്രമേയങ്ങളെ വിശദീകരിച്ചുകൊണ്ട് ഒരു മാധ്യമ സമ്മേളനത്തിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ അറിയിച്ചു.
ഈ നിയമം പാലിക്കാത്ത സ്വകാര്യസ്ഥാപനങ്ങൾ പ്രതിമാസം 6,000 ദിർഹം പിഴ അടക്കണം, ഇത് 2023 ജനുവരി മുതൽ എല്ലാ വർഷവും 1,000 ദിർഹം വീതം വർദ്ധിക്കും.
2023 ൽ എല്ലാ മാസവും 6,000 ദിർഹം പിഴയും. അടുത്ത വർഷത്തോടെ പിഴ പ്രതിമാസം 7,000 ദിർഹമായി വർദ്ധിക്കും, 2026-ഓടെ പിഴ 10,000 ദിർഹത്തിലെത്തും. ” അൽ അവാർ വിശദീകരിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വദേശികളുടെ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനവും യുഎഇ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ വർക്ക് പെർമിറ്റുകളും വിസകളും നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസിൽ 80 ശതമാനം ഇളവ് ഉൾപ്പെടെ ഉയർന്ന നിരക്കിൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ഇൻസെന്റീവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 31,000 എമിറേറ്റികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഡോ.അൽ അവർ പറഞ്ഞു. 2 ശതമാനം എമിറേറ്റേഷൻ നിയമം അനുസരിച്ച് കമ്പനികൾ 50 തൊഴിലാളികൾക്ക് ഒരു പൗരനെ നിയമിക്കണം. അപ്പോൾ മന്ത്രാലയം എല്ലാ വർഷവും നൽകുന്ന 1.2 മില്യൺ വർക്ക് പെർമിറ്റുകളിൽ നിന്ന് 12,000 സ്വദേശികൾക്ക് ജോലികൾ ഉണ്ടാകുമെന്നും അൽ അവാർ കൂട്ടിച്ചേർത്തു.