സിംഗപ്പൂരിലെ സ്കൂട്ട് എന്ന ലോ-കോസ്റ്റ് എയർലൈനിന്‍റെ മുൻ സിഇഒ ആയിരുന്ന കാംബെൽ വിൽസണെ എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായി ടാറ്റ സൺസ് വ്യാഴാഴ്ച അറിയിച്ചു.
വിൽസൺ മുമ്പ് സിംഗപ്പൂരിലെ ചെലവ് കുറഞ്ഞ എയർലൈനും സിംഗപ്പൂർ എയർലൈൻസിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ സ്കൂട്ടിന്‍റെ സിഇഒ ആയിരുന്നു.
“എയർ ഇന്ത്യയിലേക്ക് കാംബലിനെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹം പ്രധാന ആഗോള വിപണികളിൽ ഒന്നിലധികം പ്രവർത്തനങ്ങളിൽ മികവ് കാണിച്ചിട്ടുള്ള ഒരു വ്യവസായ വിദഗ്ധനാണ്. കൂടാതെ, ഏഷ്യയിൽ ഒരു എയർലൈൻ ബ്രാൻഡ് നിർമിച്ചതിന്‍റെ അധിക അനുഭവം എയർ ഇന്ത്യയ്ക്കു പ്രയോജനപ്പെടും- എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
വിശിഷ്ടമായ എയർ ഇന്ത്യയെ നയിക്കാനും ആദരിക്കപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാകാനും തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിലൊന്നായി മാറാനുള്ള ആവേശകരമായ യാത്രയുടെ കൊടുമുടിയിലാണ് എയർ ഇന്ത്യ. ഇന്ത്യൻ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രതിഫലിപ്പിക്കുന്ന വേറിട്ട അനുഭവമായിരിക്കും എയർ ഇന്ത്യ സമ്മാനിക്കുക- വിൽസൺ പറഞ്ഞു.